Saturday, January 29, 2011

ലീഗ് പിന്നാക്ക സമുദായങ്ങള്‍ക്ക് ബാധ്യത എസ്. ഡി. പി.ഐ


: റഊഫ് പുറത്തുവിട്ട വിവരങ്ങളെക്കുറിച്ചു പാര്‍ട്ടിതല അന്വേഷണത്തിനു തയ്യാറാവുന്നതിനു പകരം കുഞ്ഞാലിക്കുട്ടിക്ക് സംരക്ഷണ കവചം ഒരുക്കുന്ന ലീഗ് നേതൃത്വം പിന്നാക്ക സമുദായങ്ങള്‍ക്കു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെയും റഊഫിന്റെയും വെളിപ്പെടുത്തലുകളിലൂടെ ലീഗിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്.ലീഗ്ഭരണത്തിലിരുന്നപ്പോള്‍ റഊഫിനെപ്പോലുള്ളവരെ അവിഹിത നേട്ടങ്ങള്‍ക്കു സഹായിച്ചുവെന്നു കുഞ്ഞാലിക്കുട്ടി സമ്മതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി അന്വേഷണം നേരിടാന്‍ തയ്യാറാവണം. സമുദായ ഐക്യത്തിന്റെ നായകനായി ചമഞ്ഞ മുസ്‌ലിം സമുദായ സംഘടനകളുടെ ഏകോപനത്തിന് നേതൃത്വം നല്‍കുന്ന കുഞ്ഞാലിക്കുട്ടി ലീഗ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ വില്‍പ്പന ചരക്കാക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ വീഴ്ചകള്‍ക്കു കൂട്ടുനില്‍ക്കേണ്ടി വന്നതു ലീഗിന്റെ പരാജയമാണ്. കുഞ്ഞാലി-റഊഫ് വിവാദത്തിലൂടെ ലീഗിന്റെ മറ്റൊരു പ്രമുഖ നേതാവായ എം കെ മുനീറിന്റെ മേലും കരിനിഴല്‍ വീണിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം കൊണ്ടുമാത്രമാണു മുനീറിന്റെ പേരില്‍ വിജിലന്‍സ് കേസിലേക്കു നയിച്ച  സംഭവങ്ങള്‍ അടക്കം വെളിച്ചത്തുവന്നത്.റഊഫിനെ വഴിവിട്ട് സഹായിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കുഞ്ഞാലിക്കുട്ടിയും ആരോപണ വിധേയനായ എം കെ മുനീറും രാഷ്ട്രീയ നേതൃസ്ഥാനം ഒഴിയാന്‍ സ്വയം സന്നദ്ധരാകണം. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി നിയമ വ്യവസ്ഥയെയും കോടതിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന് റഊഫിന്റെ കൈവശമുണ്ടെന്നു പറയുന്ന തെളിവുകള്‍ പ്രത്യേകം അന്വേഷണ വിധേയമാക്കണം. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി എ മജീദ് ഫൈസി, എം കെ മനോജ്കുമാര്‍, സംസ്ഥാന സെക്രട്ടറി വി ടി ഇഖ്്‌റാമുല്‍ ഹഖ്, സംസ്ഥാന സമിതിയംഗം സി ജി ഉണ്ണി  പങ്കെടുത്തു

No comments: